തിരുവനന്തപുരം: കേരള സർവകലാശാല സംസ്കൃത വിഭാഗത്തിന്റെയും വേദാന്ത പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ‘വികസിത ഭാരതത്തിനായി സംസ്കൃത സാഹിത്യത്തിലെ സ്ത്രീശാക്തീകരണ സങ്കൽപ്പങ്ങൾ’ (Concepts of Women Empowerment in Sanskrit Literature for Vikasit Bharat) എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14-ന് കാര്യവട്ടം ക്യാമ്പസിലെ ഒ.എൻ.വി ബ്ലോക്കിലാണ് സെമിനാർ നടക്കുക.
കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സെമിനാർ ഉദ്ഘാടനം ചെയ്യും. സർവകലാശാല രജിസ്ട്രാർ രശ്മി ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുംബൈ സർവകലാശാല സംസ്കൃത വിഭാഗം മുൻ മേധാവിയും സി.ഐ.എഫ് മുൻ ഡീനും അക്കാദമിക് ഡയറക്ടറുമായ ഗൗരി മാഹുലികർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും.
വികസിത ഭാരതം എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ സംസ്കൃത സാഹിത്യത്തിലെ സ്ത്രീശാക്തീകരണ സങ്കൽപ്പങ്ങൾ, സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം, സാംസ്കാരികമായ ഉന്നതി തുടങ്ങിയ വിവിധ വിഷയങ്ങൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്യും. എറിക് റോസൻബുഷ്, എം.വി. നടേശൻ, ശിവാനി, കെ. ഉണ്ണിക്കൃഷ്ണൻ, ഫിലിപ്പ് റുചിൻസ്കി, ഉമാമഹേശ്വരി തുടങ്ങിയ പ്രമുഖർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.