കൊല്ലങ്കോട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു. ടീം ബോണ്ടിങ് സെഷന്റെ ഭാഗമായാണ് ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, സച്ചിൻ ബേബി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങൾ എത്തിയത്.
പ്രകൃതിരമണീയമായ കൊല്ലങ്കോടിന്റെ പശ്ചാത്തലത്തിൽ നടന്ന ബോണ്ടിങ് സെഷൻ കളിക്കാർക്ക് മാനസിക ഉന്മേഷവും വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള പുതിയ ഊർജ്ജവും പകർന്നുനൽകി. ഇതിനുശേഷം, ടീം ഡോക്ടർ ആബിന്ദ് എസ്. ദേവിന്റെ ഉടമസ്ഥതയിലുള്ള ഗ്രിറ്റ് സ്പോർട്സ് ഹബ്ബ് അക്കാദമിയിൽ താരങ്ങൾ സന്ദർശനം നടത്തി. അവിടെ പരിശീലനം നടത്തുന്ന കായിക വിദ്യാർത്ഥികളുമായി ദീർഘനേരം സംവദിച്ച താരങ്ങൾ, പ്രൊഫഷണൽ ക്രിക്കറ്റിലെ തങ്ങളുടെ അനുഭവങ്ങൾ, കളിക്കളത്തിലെ തന്ത്രങ്ങൾ, സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കേണ്ട രീതികൾ എന്നിവ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു.
ഭാവിയിൽ സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിനിധീകരിക്കുന്ന താരങ്ങളാകാൻ സ്വപ്നം കാണുന്ന കായിക വിദ്യാർത്ഥികൾക്ക് ആലപ്പി റിപ്പിൾസ് താരങ്ങളുടെ ഈ സന്ദർശനം വലിയൊരു പ്രചോദനമായി. പ്രമുഖ താരങ്ങളെ നേരിൽ കണ്ട് സംവദിക്കാൻ സാധിച്ചത് കുട്ടികൾക്ക് ലഭിച്ച അപൂർവ്വമായ അവസരമാണെന്ന് ഗ്രിറ്റ് സ്പോർട്സ് അക്കാദമി കോച്ച് ഗുരു മാധവ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കന്നി കിരീടം സ്വന്തമാക്കാനുള്ള കടുത്ത നിശ്ചയദാർഢ്യത്തോടെയാണ് ആലപ്പി റിപ്പിൾസ് കളത്തിലിറങ്ങുന്നത്.