ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസ താരം ക്രിസ് ഗെയിൽ, ആഗോള ക്രിക്കറ്റിങ് ബ്രാൻഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സിന്റെ ഭാവി വളർച്ചയിൽ നിർണായകമായ ഈ കൂട്ടുകെട്ട്, ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും യുവ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് വലിയ കരുത്താകും.
കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസൺ മുതൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പ്രവർത്തനങ്ങളിലും ടീമിന്റെ വളർച്ചയിലും ക്രിസ് ഗെയിൽ സജീവമായി പങ്കാളിയാകും. കേരളത്തിലെ യുവ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിനും അത്യാധുനിക പരിശീലനത്തിലൂടെ അവരുടെ കായികക്ഷമതയും മികവും വർദ്ധിപ്പിക്കുന്നതിനും ഗെയിലിന്റെ സാന്നിധ്യം സഹായിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
ക്രിസ് ഗെയിലിന്റെ അനുഭവസമ്പത്തും ആഗോള തലത്തിലുള്ള സ്വീകാര്യതയും ബ്രാൻഡിന്റെ വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് ബ്ലൂ ടൈഗേഴ്സ് മാനേജിങ് ഡയറക്ടർ സുഭാഷ് ജോർജ് മാനുവൽ അഭിപ്രായപ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ കേരളത്തിലെ കായിക പ്രതിഭകൾക്ക് അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാനുള്ള പുതിയ വഴികൾ തുറക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലൂ ടൈഗേഴ്സ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ നിയമനമെന്നും, ഗെയിലിന്റെ വരവ് ബ്രാൻഡിന്റെ ആഗോള സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സഹ ഉടമ ശിവപ്രസാദ് എം വ്യക്തമാക്കി.