സംസ്ഥാനത്ത്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,150 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,05,200 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 10,805 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, വെള്ളി വിലയിൽ മാറ്റമില്ലാതെ ഒരു ഗ്രാം വെള്ളിക്ക് 235 രൂപ എന്ന നിരക്കിൽ തുടരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരാൻ കാരണമായത്. ഇന്നു രാവിലെ 3,982 ഡോളർ വരെ ഇടിഞ്ഞ സ്വർണവില പിന്നീട് 4,000 ഡോളർ മറികടക്കുകയായിരുന്നു. ഇതിന്റെ പ്രതിഫലനം കേരളത്തിലെ സ്വർണ വിപണിയിലും പ്രകടമായി.
അതേസമയം, ഇറാനുമായുള്ള സംഘർഷം കൂടുതൽ സങ്കീർണ്ണമായതോടെ ക്രൂഡ് ഓയിൽ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ബാരലിന് 90 ഡോളർ കടന്നതോടെ ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് എണ്ണവ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിൽ വില വർധിക്കുന്നത് സ്വർണവിലയിൽ ഇടിവുണ്ടാക്കാൻ കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ, അമേരിക്ക അടിസ്ഥാന പലിശ നിരക്ക് ഉയർത്തുകയാണെങ്കിൽ സ്വർണവില വീണ്ടും താഴാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.