സാങ്കേതിക ലോകം:
മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നിർമ്മിത ബുദ്ധിയിൽ (എഐ) വീണ്ടും വലിയ നിക്ഷേപം നടത്തുന്നു. ഭാര്യ പ്രിസില്ല ചാനോടൊപ്പം, മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായ ചാൻ സക്കർബർഗ് ബയോഹബ്ബിന്റെ പുതിയ വെർച്വൽ ബയോളജി ഇനിഷ്യേറ്റീവിനെ പിന്തുണയ്ക്കാനാണ് അദ്ദേഹത്തിന്റെ ഈ നീക്കം. മനുഷ്യകോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദമായി മനസ്സിലാക്കാൻ എഐ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചിട്ടുള്ളത് അനുസരിച്ച്, മനുഷ്യകോശങ്ങളുടെ പെരുമാറ്റം അനുകരിക്കാൻ കഴിവുള്ള എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി 500 മില്യൺ ഡോളർ (50 കോടി) നിക്ഷേപം നടത്തും. വലിയ അളവിലുള്ള ജൈവ ഡാറ്റ ഉപയോഗിച്ച് കോശങ്ങളുടെ ഡിജിറ്റൽ മോഡലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് ശാസ്ത്രജ്ഞർക്ക് ലബോറട്ടറികളെ മാത്രം ആശ്രയിക്കാതെ വെർച്വലായി പരീക്ഷണങ്ങൾ നടത്താൻ സഹായകമാകും. രോഗങ്ങൾ സുഖപ്പെടുത്താനും തടയാനും എഐ ഉപയോഗിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ പ്രധാന ലക്ഷ്യം.
വെർച്വൽ ബയോളജി ഇനിഷ്യേറ്റീവ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അഞ്ച് വർഷം നീണ്ടുനിൽക്കും. മനുഷ്യകോശങ്ങളുടെ ‘പ്രെഡിക്റ്റീവ് മോഡലുകൾ’ വികസിപ്പിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. എഐയിൽ പ്രവർത്തിക്കുന്ന കോശങ്ങളുടെ പതിപ്പുകളായിരിക്കും ഇവ. മനുഷ്യശരീരത്തിൽ അവയുടെ പ്രവർത്തനം അനുകരിക്കാൻ ഈ പതിപ്പുകൾക്ക് കഴിയും. ഇത് ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ രോഗങ്ങളെക്കുറിച്ച് പഠിക്കുവാനും സാധിക്കും. ഈ നീക്കം വിജയിച്ചാൽ ശാസ്ത്രീയ കണ്ടെത്തലുകളുടെ വേഗം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് സൗജന്യമായി ലഭ്യമാക്കാനും പദ്ധതിയുണ്ട്.