ചെന്നൈ: നിസ്സാൻ ഇന്ത്യയുടെ പുതിയ എസ്യുവിയായ ടെക്റ്റൺ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ ഡിസൈനും അത്യാധുനിക ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് ഈ മോഡൽ വിപണിയിലെത്തുന്നത്. ബ്രാൻഡിന്റെ ഇന്ത്യൻ വിപണിയിലെ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടുള്ള ഈ എസ്യുവിയുടെ ബ്രാൻഡ് അംബാസഡറായി നടൻ ഹൃതിക് റോഷനെയാണ് നിസ്സാൻ നിയമിച്ചിരിക്കുന്നത്.
റെനോയുമായുള്ള പങ്കാളിത്തത്തോടെ ചെന്നൈയിലെ പ്ലാന്റിലാണ് ടെക്റ്റൺ നിർമ്മിക്കുന്നത്. ആഭ്യന്തര വിപണിയെക്കൂടാതെ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ നിസ്സാൻ ബ്രാൻഡിന്റെ വളർച്ചയ്ക്ക് ഈ മോഡൽ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. നിസ്സാൻ പട്രോൾ എന്ന ഐക്കണിക് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്റ്റണിന്റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്. 212 എംഎം ഗ്രൗണ്ട് ക്ലിയറൻസും 518 ലിറ്റർ ബൂട്ട് സ്പെയ്സും ഈ എസ്യുവിയുടെ പ്രത്യേകതയാണ്. 100 പിഎസ് പവറും 166 എൻഎം ടോർക്കും നൽകുന്ന ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. മൾട്ടി മോഡ് ഡ്രൈവിങ് സൗകര്യവും ഇതിലുണ്ട്.
ഹൈ-ടെക് ഇൻ്റീരിയറാണ് വാഹനത്തിന്റെ മറ്റൊരു ആകർഷണം. 10.1 ഇഞ്ച് എച്ച്ഡി ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവർക്ക് മികച്ച അനുഭവം നൽകുന്നു. ഗൂഗിൾ മാപ്സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യാവുന്ന 200-ലധികം ആപ്പുകൾ എന്നിവ ഇതിൽ ലഭ്യമാണ്. ഡ്യുവൽ-ടോൺ പ്രീമിയം ലെതറെറ്റ് ക്യാബിൻ, ഹാൻഡ്സ്-ഫ്രീ ഓപ്പറേഷനുള്ള പവർ ടെയിൽഗേറ്റ്, സൺറൂഫ്, പ്ലാസ്മാക്ലസ്റ്റർ അയണൈസറോട് കൂടിയ സ്മാർട്ട് എയർ പ്യൂരിഫയർ എന്നിവയും വാഹനത്തിലുണ്ട്. 10.49 ലക്ഷം രൂപ മുതൽ 18.59 ലക്ഷം രൂപ വരെയാണ് നിസ്സാൻ ടെക്റ്റണിന്റെ എക്സ്ഷോറൂം വില. വിസിയ, വിസിയ+, അസെന്റ, എൻ-കണക്റ്റ, ടെക്ന, ടെക്ന+ എന്നീ ആറ് ട്രിമ്മുകളിലായി 12 വേരിയന്റുകളിൽ വാഹനം ലഭ്യമാണ്.