തിരുവനന്തപുരം: എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട റെയ്ഡിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിച്ച കേസില്‍ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സിപിഎം നേതാവ് ഐപി ബിനു ഉള്‍പ്പെടെയുള്ള പ്രതികളെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസിന് വിട്ടുകൊടുത്തത്.
പ്രതിപ്പട്ടികയിലുള്ള ഐപി ബിനുവിന് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് മാത്രമേ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാവൂ എന്നും മജിസ്ട്രേറ്റ് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിനുവിനെ കൂടാതെ രേവന്ത്, ലെനിന് രാജ്, ജിആര്‍ നന്ദു, രാഹുല്‍ രാജന്, രാഹുല്‍, വൈശാഖ് എന്നിവരാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മറ്റ് പ്രതികള്‍.
തിരുവനന്തപുരത്ത് ഇഡി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും കല്ലും മരത്തടികളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പോലീസ് ആണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമത്തിന് പിന്നിലെ ആസൂത്രണത്തെക്കുറിച്ചും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും വ്യക്തത വരുത്തുന്നതിനായി പോലീസ് വിശദമായ ചോദ്യം ചെയ്യല്‍ തുടരും.








