ബീജിങ്: സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ആന്ത്രോപിക് വികസിപ്പിച്ച എഐ മോഡലായ ക്ലോഡ് (Claude) ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് ആലിബാബ വിലക്കേർപ്പെടുത്തി. ജൂലൈ 10 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാൻ ആലിബാബ ഇതുവരെ തയ്യാറായിട്ടില്ല. ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം ശക്തമാകുന്നതിനിടെയാണ് പുതിയ നടപടി.
ആന്ത്രോപിക്കിന്റെ സാങ്കേതികവിദ്യ നിയമവിരുദ്ധമായി ചോർത്താൻ ആലിബാബ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം നേരത്തെ ഉയർന്നിരുന്നു. ക്ലോഡിന്റെ പ്രവർത്തനങ്ങൾക്കായി ഏകദേശം 25,000 വ്യാജ അക്കൗണ്ടുകൾ ആലിബാബയുടെ ഓപ്പറേറ്റർമാർ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ആന്ത്രോപിക് യുഎസ് കോൺഗ്രസ് സെനറ്റർമാർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തങ്ങളുടെ എഐ മോഡലിന്റെ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് കഴിവുകളും അഡ്വാൻസ്ഡ് ഏജന്റ് സംവിധാനങ്ങളും ചോർത്താനാണ് ആലിബാബ ലക്ഷ്യമിട്ടതെന്ന് കമ്പനി ആരോപിക്കുന്നു.
ക്ലോഡിന്റെ ഡാറ്റാ ഫീഡിങ് സംവിധാനത്തിലൂടെ ഉയർന്ന നിലവാരമുള്ള ഔട്ട്പുട്ടുകൾ കൈക്കലാക്കാൻ ആലിബാബ ശ്രമിച്ചതായും ആന്ത്രോപിക് വ്യക്തമാക്കുന്നു. സങ്കീർണ്ണമായ കോഡിംഗ് നിർവ്വഹിക്കാനും വലിയ ഫയലുകൾ വിശകലനം ചെയ്യാനും നിമിഷങ്ങൾക്കുള്ളിൽ വിവരങ്ങൾ വിശകലനം ചെയ്യാനും ശേഷിയുള്ള അത്യാധുനിക എഐ ചാറ്റ്ബോട്ട് അസിസ്റ്റന്റാണ് ക്ലോഡ്. ഇരു കമ്പനികളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, സാങ്കേതിക വിദ്യയുടെ സുരക്ഷയും ബൗദ്ധിക സ്വത്തവകാശവും സംബന്ധിച്ച വലിയ ചർച്ചകൾക്കാണ് സാങ്കേതിക ലോകത്ത് തുടക്കമായിരിക്കുന്നത്.