കൊല്ലം: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്തതിന് കായിക വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസിനും കരുനാഗപ്പള്ളി എംഎൽഎ സി. ആർ. മഹേഷിനുമെതിരെ വ്യാപക പ്രതിഷേധം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന ജെയ്സൺ ജെയിംസ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രയ്ക്കിടെ കാറോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതായും ആരോപണമുണ്ട്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സി. ആർ. മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ ദൃശ്യങ്ങൾ ജെയ്സൺ ജെയിംസ് തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.
മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകുന്ന അധികാരികൾ തന്നെ നിയമലംഘനം നടത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും റോഡ് സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നിരിക്കെ, ജനപ്രതിനിധികൾക്കും മന്ത്രിയുടെ സ്റ്റാഫിനും എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.