തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. തിരുവനന്തപുരം വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി അവർ പദവി ഏറ്റുവാങ്ങിയത്.
2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ്, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷമാണ് പുതിയ ചുമതലയിലേക്ക് എത്തുന്നത്. ഭരണ-വികസന മേഖലകളിലെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചുള്ള വിപുലമായ അനുഭവസമ്പത്ത് പുതിയ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അവർക്ക് മുതൽക്കൂട്ടാകും. നേരത്തെ സബ് കളക്ടർ, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ, കൃഷി-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, കെ.എസ്.ബി.സി.ഡി.സി മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിലും അവർ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
എൻജിനീയറിംഗ് ബിരുദധാരിയായ അഞ്ജു കെ.എസ്, ഭരണരംഗത്തെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ ഇതിനകം ശ്രദ്ധേയയായ ഉദ്യോഗസ്ഥയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൽ പുതിയ ഡയറക്ടറുടെ നേതൃത്വം നിർണായകമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിലയിരുത്തൽ.