തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് അവതരണം ആകാംക്ഷയോടെയാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. വർഷങ്ങൾക്ക് ശേഷം ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ സംസ്ഥാന ബജറ്റിനുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ, സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ എന്നിവയാകും ബജറ്റിൽ മുൻഗണന നേടുക.
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തെ ഒരു തുറമുഖ, വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സ്വപ്ന പദ്ധതികൾ, ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്നിവ ബജറ്റിൽ ഇടംപിടിച്ചേക്കും. ഇന്ദിര ഗാരന്റി പദ്ധതി നടപ്പിലാക്കുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളിലൂടെ ജനക്ഷേമത്തിന് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ഈ പദ്ധതികൾക്കായി ഫണ്ട് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. അധിക വിഭവ സമാഹരണത്തിനുള്ള പ്രായോഗിക മാർഗങ്ങൾ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
കിഫ്ബിയുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും ഏറെ ശ്രദ്ധേയമാണ്. നിലവിൽ 21,000 കോടി രൂപയുടെ ബാധ്യതയുള്ള കിഫ്ബിയുടെ കീഴിൽ 35,000 കോടി രൂപയുടെ പദ്ധതികളാണ് പുരോഗമിക്കുന്നത്. കിഫ്ബിയിൽ പൊളിച്ചെഴുത്തുകൾ ഉണ്ടാകുമോ അതോ പദ്ധതികൾ തുടരുമോ എന്ന കാര്യത്തിൽ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ബജറ്റിലൂടെ വ്യക്തത വരുത്തും. സാമ്പത്തിക അച്ചടക്കവും വികസനവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ കുതിപ്പ്.