സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ കുതിപ്പ്. ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണം ഗ്രാമിന് 13,360 രൂപയായും പവന് 1,06,880 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ മുന്നേറ്റമാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിച്ചത്.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,129 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും യുഎസും തമ്മിലുണ്ടായ ധാരണ ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായി. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണവില ഉയരാൻ കളമൊരുക്കി. കൂടാതെ, വരാനിരിക്കുന്ന യുഎസിലെ തൊഴിൽ കണക്കുകളും ഫെഡ് പലിശ നിരക്കിലെ മാറ്റങ്ങൾ സംബന്ധിച്ച സൂചനകളും വിപണിയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.
പ്രധാന സ്വർണവിലയ്ക്കൊപ്പം മറ്റ് വിഭാഗങ്ങളിലും വില വർദ്ധനയുണ്ടായിട്ടുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 135 രൂപ വർദ്ധിച്ച് 10,980 രൂപയിലെത്തി. ഇതിനുപുറമെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ചുരൂപ വർദ്ധിച്ച് 240 രൂപയിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം. ഇന്ന് പത്ത് ശതമാനം പണിക്കൂലിയും മറ്റ് നികുതികളും കണക്കാക്കിയാൽ ഒരു പവൻ ആഭരണത്തിന് 1.21 ലക്ഷം രൂപയ്ക്കു മുകളിൽ വില നൽകേണ്ടി വരും.