ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 13,090 രൂപയായും, ഒരു പവൻ സ്വർണത്തിന് 1,04,720 രൂപയായും താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ഇടിവ് പ്രകടമായിരുന്നു.
ലൈറ്റ് വെയ്റ്റ് ആഭരണ നിർമ്മാണത്തിന് ഏറെ പ്രചാരമുള്ള 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,770 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 235 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ പ്രതികൂല സാഹചര്യങ്ങളാണ് ആഭ്യന്തര വിപണിയിലെ ഈ വിലയിടിവിന് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായത് ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡിലും മൂല്യത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4006 ഡോളറാണ് വില. കൂടാതെ, ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടവും സ്വർണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആഗോള സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നു.