കേരളം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കെഎസ്ഇബി (KSEB) ഔദ്യോഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്ന വിവരം എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും.
‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിലാണ് കെഎസ്ഇബി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് വൈദ്യുതി തടസ്സം മുൻകൂട്ടി അറിയിക്കാൻ കെഎസ്ഇബി തീരുമാനിച്ചത്. വൈദ്യുതി ഉപഭോഗം കൂടിയതാണ് പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായി ഉയർന്നതോടെ കെഎസ്ഇബിയുടെ പ്രസരണ വിതരണ ശൃംഖല സമ്മർദ്ദത്തിലായി. ഈ പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണത്തിന് പുറമെ മറ്റ് വഴികളും കെഎസ്ഇബി തേടുന്നുണ്ട്.