തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ വരും മണിക്കൂറുകളിൽ 11.5 സെന്റിമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലയിടങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൂർണ വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
മഴക്കെടുതിയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി അനിൽ കുമാർ അറിയിച്ചു. വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കും കൃഷിനാശം നേരിട്ടവർക്കും അടിയന്തര സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും നിർദ്ദേശം നൽകി. നിലവിലെ സാഹചര്യം 2018-ലെ പ്രളയത്തിന് സമാനമല്ലെങ്കിലും ജാഗ്രത തുടരണമെന്നും, മഴ ശക്തമായ സാഹചര്യത്തിൽ കുട്ടികൾ വീടുകൾക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.