കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിലെ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.
ഓഗസ്റ്റ് നാല് വരെ സംസ്ഥാനത്ത് വ്യാപകമായി മിതമായതോ നേരിയതോ ആയ മഴ തുടരുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നുമാണ് റിപ്പോർട്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന പശ്ചാത്തലത്തിൽ ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.