തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് നൽകാനുള്ള അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്.
നെയ്യാറ്റിൻകര മാരായമുട്ടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാറക്കൂട്ടം ട്രാൻസ്ഫോർമറിന് സമീപം വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഓണംകോട് സ്വദേശി ബാബു മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2024 ജൂൺ 28-നാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് അവിവാഹിതനായിരുന്ന ബാബുവിന്റെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ അമ്മയുടെ മരണശേഷം ബാക്കി തുക സഹോദരങ്ങൾക്ക് കൈമാറാൻ നടപടികൾ സ്വീകരിച്ചെങ്കിലും, അനന്തരാവകാശികൾ കെ.എസ്.ഇ.ബിയുമായി സഹകരിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. തഹസിൽദാർ നൽകിയ അവകാശ സർട്ടിഫിക്കറ്റിൽ പേരുള്ളവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങി ഒരു മാസത്തിനുള്ളിൽ തുക വിതരണം ചെയ്യാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കെ.എസ്.ഇ.ബി അധികൃതർ കമ്മീഷനെ അറിയിച്ചു. ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. പൊതുപ്രവർത്തകനായ ദേവദാസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.