കൊളംബോ: കൗമാര ക്രിക്കറ്റ് താരങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് പരിശീലകന് സുമിത് ഫെര്‍ണാണ്ടോ അന്തരിച്ചു. ഓഗസ്റ്റ് എട്ടിന് കൊളംബോയിലെ ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ക്ലബ്ബില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. കൊളംബോ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന് കുശാല്‍ മെന്‍ഡിസ് ഉള്‍പ്പെടെ നിരവധി താരങ്ങളുടെ സ്കൂള്‍ കാലഘട്ടത്തിലെ മെന്ററായിരുന്ന സുമിത് ഫെര്‍ണാണ്ടോയുടെ വിയോഗം ശ്രീലങ്കന്‍ കായികലോകത്തിന് വലിയ നഷ്ടമാണ്.
ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ക്ലബ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ഒരു സംഘം കൗമാര താരങ്ങള്‍ കുടിവെള്ളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് കൈയാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു. ക്ലബ്ബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവര്‍ത്തിച്ചിരുന്ന സുമിത് ഫെര്‍ണാണ്ടോ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ താരങ്ങളെയും സ്റ്റാഫിനെയും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് മാരകമായി ആക്രമണമേറ്റത്.
ആക്രമണവുമായി ബന്ധപ്പെട്ട് പതിനേഴ് വയസ്സുള്ള കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൊളംബോ കോടതിയില്‍ ഹാജരാക്കുകയും ചൈല്‍ഡ് പ്രൊബേഷന്‍ കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഈ മാസം 17 വരെ പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് കോടതി ഉത്തരവ്. മൊറാട്ടുവയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് കോളജിലെ മുന്‍ കോച്ചായിരുന്ന സുമിത് ഫെര്‍ണാണ്ടോ, നിരവധി സ്കൂള്‍തല ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു.