കൊളംബോ: കൗമാര ക്രിക്കറ്റ് താരങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് പരിശീലകന് സുമിത് ഫെര്‍ണാണ്ടോ അന്തരിച്ചു. ഓഗസ്റ്റ് എട്ടിന് കൊളംബോയിലെ ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ക്ലബ്ബില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. കൊളംബോ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ഒരു സംഘം കൗമാര താരങ്ങള്‍ കുടിവെള്ളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് പിന്നീട് കൈയാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു. ക്ലബ്ബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവര്‍ത്തിച്ചിരുന്ന സുമിത് ഫെര്‍ണാണ്ടോ പ്രശ്നത്തില്‍ ഇടപെടുകയും താരങ്ങളെയും ജീവനക്കാരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ആക്രമണത്തിനിരയായത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമിത് ഫെര്‍ണാണ്ടോയെ ഉടന്‍ തന്നെ കൊളംബോ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ സംശയിക്കുന്ന 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൊളംബോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 17 വരെ ചൈല്‍ഡ് പ്രൊബേഷന്‍ കസ്റ്റഡിയില്‍ വിട്ടു. മൊറാട്ടുവ പ്രിന്‍സ് ഓഫ് വെയില്‍സ് കോളജ് മുന്‍ കോച്ചായിരുന്ന സുമിത് ഫെര്‍ണാണ്ടോ, ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് നായകന് കുശാല്‍ മെന്‍ഡിസ് അടക്കമുള്ള നിരവധി താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പരിശീലകനായിരുന്നു. സുമിത് ഫെര്‍ണാണ്ടോയുടെ വിയോഗം ശ്രീലങ്കന്‍ കായികലോകത്തിന് വലിയ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.