തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് വിവാദത്തിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യിന്റെ ഗുണനിലവാരത്തെക്കുറിച്ച് ദേവസ്വം ബോർഡ് പരാതി ഉന്നയിച്ചിട്ടില്ലെന്നും, മിൽമയുടെ നെയ് വേണ്ടെന്നുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങൾ മിൽമയുടെ ബ്രാൻഡിനെ ദോഷകരമായി ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡിന് കൈമാറിയ നെയ്യിന്റെ മുഴുവൻ തുകയും ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് കെ.എസ്. മണി അറിയിച്ചു. മിൽമയിൽ നിന്ന് അയച്ച ശുദ്ധമായ നെയ് മാറ്റി നിലവാരം കുറഞ്ഞത് പകരം വെച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിലൂടെ തെളിയേണ്ട വിഷയമാണ്. അയച്ച നെയ് പൂർണമായും മിൽമയുടെ കർശനമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമാണ് കൈമാറിയത്. നിലവിൽ ദേവസ്വം വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും, വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷീരകർഷകർക്ക് സഹായകമാകുമെന്ന നിലപാടിലാണ് മിൽമയുടെ നെയ് വാങ്ങാൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. ഭക്തർ സമർപ്പിക്കുന്ന നെയ് ദൈനംദിന ആവശ്യങ്ങൾക്ക് ധാരാളമുള്ളതിനാൽ പുറത്തുനിന്ന് നെയ് വാങ്ങേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തെ മിൽമയെ ഒഴിവാക്കിയെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മിൽമയിൽ നിന്ന് അയച്ച നെയ്ക്ക് പകരം തമിഴ്നാട്ടിൽ നിന്ന് നിലവാരം കുറഞ്ഞ നെയ് എത്തിച്ചു എന്ന ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുൻ സീസണിൽ 1.67 ലക്ഷം ലിറ്റർ നെയ്യിന്റെ കാര്യത്തിൽ ക്രമക്കേട് നടന്നതായും വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.