പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
ഇടവമാസം ഒന്നാം തീയതിയായ മെയ് 15 ന് രാവിലെ അഞ്ചു മണിക്ക് ദർശനത്തിനായി നട തുറന്നു. ഇടവമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.
ഇടവമാസ പൂജകൾ പൂർത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് മെയ് 25 ന് നട തുറക്കും. മെയ് 26 നാണ് പ്രതിഷ്ഠാ ദിനം. ഇടവമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.