ശബരിമല: ചിങ്ങമാസ പൂജകൾക്കും ഓണം പൂജകൾക്കുമായി ശബരിമല ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16-ന് വൈകിട്ട് അഞ്ചുമണിക്ക് നടതുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17-ന് പുലർച്ചെ അഞ്ചുമണി മുതൽ ഭക്തർക്ക് ദർശനത്തിനായി നടതുറക്കും.
ചിങ്ങം ഒന്നിന് രാവിലെ ഉഷഃപൂജയ്ക്ക് ശേഷം ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിന്റെ പ്രധാന ചുമതല. ചിങ്ങം ഒന്നു മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും ഉണ്ടായിരിക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ഓണത്തോടനുബന്ധിച്ച് പൂജകൾക്കായി ആഗസ്റ്റ് 24-ന് വീണ്ടും നട തുറക്കും. തീർഥാടകർ വെർച്വൽ ക്യൂ സംവിധാനം വഴി www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി ദർശന സ്ലോട്ട് ഉറപ്പാക്കേണ്ടതാണ്.
അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ലഭ്യമാകും. ആഗസ്റ്റ് 16 മുതൽ 28 വരെയാണ് ഈ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഭക്തർക്കായി ചെങ്ങന്നൂർ–പമ്പ റൂട്ടിൽ ആവശ്യാനുസരണം സർവീസുകൾ ഉണ്ടാകും. കൂടാതെ, തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകളും വിപുലീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.