കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറിയായി ജയൻ ചെറുവള്ളിലിനെ തിരഞ്ഞെടുത്തു. സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രത്യേക ഓൺലൈൻ യോഗത്തിൽ വെച്ചാണ് പുതിയ ജനറൽ സെക്രട്ടറിയെ സംസ്ഥാന അധ്യക്ഷൻ പന്തളം കൊട്ടാരം നാരായണവർമ്മ പ്രഖ്യാപിച്ചത്.
സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ജയൻ ചെറുവള്ളിൽ. ഇതിനുമുമ്പ് ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സമിതി അംഗം, സംസ്ഥാന പിആർഒ, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി എന്നീ സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഔദ്യോഗിക ഭാരവാഹി നിർണ്ണയത്തിന് ശേഷം ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വരുംകാല കർമ്മപദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു. ശബരിമല തീർത്ഥാടനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അയ്യപ്പ സേവാസമാജം നടത്തുന്ന ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം നേതൃത്വം നൽകും.