കാസർകോട്: വിവാഹനിശ്ചയം കഴിഞ്ഞ് വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് സ്വദേശി അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരായ ഇരുവരുടെയും വിവാഹം ഡിസംബർ 26-ന് നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം നടന്നത്.
കർണാടകയിലെ ഹുൻസൂരിൽ താമസിച്ചിരുന്ന അനുശ്രീയെ താമസസ്ഥലത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ജോലിക്ക് ഹാജരായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് അയൽവാസികൾ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ട് പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഇതിനുപിന്നാലെയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിൽ അമലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
എറണാകുളം എം.ജി. റോഡ് എസ്.ബി.ഐ ശാഖയിലെ ജീവനക്കാരനായിരുന്നു അമൽ. അനുശ്രീയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ബുധനാഴ്ച രാവിലെ ലോഡ്ജിൽ മുറിയെടുത്ത അമൽ, സുഹൃത്തുക്കൾക്ക് ലൊക്കേഷൻ അയച്ചുനൽകിയിരുന്നു. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സുഹൃത്തുക്കൾ ലോഡ്ജിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ഹുൻസൂർ, എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അമലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.