മലപ്പുറം: വിദേശത്ത് നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രവാസി മലയാളി വ്യവസായി മുഹമ്മദ് ഷാജി മടത്തിലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചു. മലപ്പുറം കവളപ്പൊയ്ക സ്വദേശി അജി തോമസാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഔദ്യോഗികമായി പരാതി നൽകിയത്.
ദേശീയ അന്വേഷണ ഏജൻസി (NIA), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO), ഇന്റലിജൻസ് ബ്യൂറോ (IB) എന്നിവയെ ഉപയോഗിച്ച് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. വിദേശത്ത് താമസിക്കുന്ന മുഹമ്മദ് ഷാജി ഇന്ത്യയിലെ ക്രമസമാധാനനില തകർക്കാൻ ആസൂത്രിത ഇടപെടലുകൾ നടത്തിയെന്നാണ് ആരോപണം. ഡൽഹി ജന്തർ മന്തറിൽ നടന്ന വിവിധ സമരങ്ങളിൽ പങ്കെടുക്കാൻ ആളുകളെ എത്തിക്കുന്നതിനും, അവർക്ക് താമസ സൗകര്യം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നതിനും പിന്നിൽ ഇദ്ദേഹത്തിന്റെ സാമ്പത്തിക സഹായമുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇസ്ലാമിക്/ശരീഅത്ത് ബാങ്ക് ഓസ്ട്രേലിയ – AMUST’ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് മുഹമ്മദ് ഷാജി. ഈ സ്ഥാപനത്തിലൂടെ സ്വരൂപിക്കുന്ന ഫണ്ട് ഇന്ത്യയിലെ അട്ടിമറി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ടെന്നാണ് പരാതിയിലെ മറ്റൊരു പ്രധാന ആരോപണം. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ കേന്ദ്ര അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കണമെന്നും, നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.