കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. നമ്പിക്കൊല്ലി സ്വദേശികളായ നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട മിന്നൽ ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. നാരായണൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.