കൽപറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയായി അവധി നൽകിയത്.
അങ്കണവാടികൾ, സ്കൂളുകൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ, റസിഡൻഷ്യൽ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ മഴയുടെ തീവ്രത വർധിക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.