തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിക്ക് നേരെ ആക്രമണം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെയാണ് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനവൂർ സ്വദേശിയായ സഹദ് (21) എന്നയാൾക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
പുസ്തകം വാങ്ങാനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു വിദ്യാർഥിനി. ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന പ്രതി, കുട്ടി എത്തിയ ഉടൻ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തും കഴുത്തിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിന് ശേഷം പ്രതി കാറിൽ അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ വഴിയിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചാണ് പ്രതി കടന്നുകളഞ്ഞത്.
ചോരവാർന്ന് അവശനിലയിലായിരുന്ന പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വട്ടപ്പാറ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.