വടക്കഞ്ചേരി: മഞ്ഞപ്ര കുറുമാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്താണ് അജ്ഞാതർ പണം കവർന്നത്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരത്തിന്റെയും സമീപത്തെ നാഗപ്രതിഷ്ഠയ്ക്ക് മുന്നിലുള്ള ഭണ്ഡാരത്തിന്റെയും പൂട്ടുകൾ തകർത്ത നിലയിലാണ് കണ്ടെത്തിയത്. ഇതിന് പുറമെ മറ്റൊരു ഭണ്ഡാരം കൂടി തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചെറിയൊരു കത്തി വളഞ്ഞ നിലയിൽ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ കത്തി ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
കഴിഞ്ഞ ആഴ്ച ഭണ്ഡാരങ്ങളിലെ പണം ക്ഷേത്ര അധികൃതർ മാറ്റിയിരുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടം ഒഴിവായതായാണ് ഭാരവാഹികൾ അറിയിക്കുന്നത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മോഷ്ടാക്കളെ പിടികൂടുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.