തിരുവനന്തപുരം: ഏറെ നാളായി കാത്തിരുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ പച്ചക്കൊടി. പദ്ധതി പ്രവർത്തനങ്ങൾക്കായി 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഡിപിആർ തയ്യാറാക്കുന്നതും കോഴിക്കോട് ലൈറ്റ് മെട്രോയുടെ സാധ്യതാ പഠനവും അടിയന്തരമായി പൂർത്തിയാക്കാനാണ് തീരുമാനം. ഗതാഗത വികസനത്തിൽ വലിയൊരു ചുവടുവെപ്പാണ് ഈ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ‘വൺ കേരള കരുതൽ മിഷൻ’ രൂപീകരിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. ഗുരുതര രോഗികൾക്കും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും നേരിട്ട് സഹായമെത്തിക്കുന്ന ഒരു പ്ലാറ്റ്ഫോമായി ഇത് പ്രവർത്തിക്കും. ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസ പ്രതിസന്ധി തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഈ മിഷൻ വലിയൊരു താങ്ങായിരിക്കും. വയോജനങ്ങളുടെ ക്ഷേമവും സാമ്പത്തിക സ്വാശ്രയത്വവും ലക്ഷ്യമിട്ടുള്ള സിൽവർ ഇക്കോണമി പദ്ധതിയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള കെയർഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള ‘കേരള നോളജ് വാലി’ പദ്ധതിയാണ് ബജറ്റിലെ മറ്റൊരു സവിശേഷത. വിദേശ സർവകലാശാലകളെ ആകർഷിക്കാനും, വയനാട് ട്രൈബൽ സർവകലാശാല സ്ഥാപിക്കാനും പദ്ധതിയുണ്ട്. കൂടാതെ, ശാസ്ത്രബോധം വളർത്താനായി ‘ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെംബർ’ എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ്, കാസർകോട് ഉൾപ്പെടെയുള്ള മെഡിക്കൽ കോളജുകളുടെ നവീകരണം എന്നിവയ്ക്കായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ സംരംഭങ്ങളിലൂടെ കേരളത്തെ അറിവിന്റെ കേന്ദ്രമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.