വടകര: ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് അധ്യാപികമാരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യ, താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കീർത്തന എന്നിവരാണ് പിടിയിലായത്.
ആദ്യം കായിക അധ്യാപികയായ കീർത്തനയെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പെഷ്യൽ എഡ്യൂക്കേറ്ററായ കാവ്യയെ കസ്റ്റഡിയിലെടുത്തത്. കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുവരും ഉൾപ്പെട്ട സംഘം ജില്ലയിലെ എം.ഡി.എം.എ വിതരണ ശൃംഖലയാണ് നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരി മരുന്ന് വാങ്ങാനെത്തുന്നവർ ആദ്യം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുകയാണ് പതിവ്. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് സംഘത്തിലെ മറ്റ് അംഗങ്ങൾ ആവശ്യക്കാർക്ക് എം.ഡി.എം.എ കൈമാറുന്ന രീതിയായിരുന്നു ഇവരുടേത്. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വെച്ച് കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.