കോഴിക്കോട്: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡൻ സ്വദേശിയായ വൈശാഖനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ഈ കേസുമായി ബന്ധപ്പെട്ട് വൈശാഖൻ ജാമ്യത്തിലിറങ്ങിയത്.
മോരിക്കരയിലെ ഇൻഡസ്ട്രിയൽ വർക്ഷോപ്പിൽ 2026 ജനുവരി 24-നാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ ആത്മഹത്യയാണെന്ന് കരുതിയ കേസ്, സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതോടെ കൊലപാതകമാണെന്ന് എലത്തൂർ പൊലീസ് കണ്ടെത്തുകയായിരുന്നു. വിവാഹിതനായിരുന്ന വൈശാഖൻ, മറ്റൊരാളുമായുള്ള ബന്ധം യുവതി അറിഞ്ഞതിനെ തുടർന്നുള്ള തർക്കങ്ങളെത്തുടർന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒന്നിച്ചു ജീവിക്കാമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യാമെന്നും വിശ്വസിപ്പിച്ച് വർക്ഷോപ്പിലേക്ക് വിളിച്ചുവരുത്തിയ ശേഷം ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയാണ് പ്രതി കൃത്യം നടത്തിയത്.
തുടർന്ന് യുവതിയെ സ്റ്റൂളിൽ കയറ്റി കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ വൈശാഖൻ ശ്രമിക്കുകയും, സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ തന്നെയാണ് കേസിൽ നിർണായക തെളിവായി മാറിയത്. ഇതിനിടെ, യുവതിയുടെ ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വൈശാഖനെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിരുന്നു. കേസിൽ എലത്തൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയത്.