ബെംഗളൂരു: കർണാടകയിലെ പ്രമുഖ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ മൈസൂരു ജയദേവ ആശുപത്രിയിൽ ഗുരുതരമായ മെഡിക്കൽ വീഴ്ചയുണ്ടായതായി ആരോപണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 ഹൃദ്രോഗികൾ മരണപ്പെട്ടതാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ (ICU) സമയത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമായില്ലെന്നും ഇതാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
തിങ്കളാഴ്ച രാവിലെ നാലുപേരും രാത്രിയിൽ ആറുപേരും ചൊവ്വാഴ്ച രാവിലെ രണ്ടുപേരുമാണ് ആശുപത്രിയിൽ മരണപ്പെട്ടത്. രോഗം ഗുരുതരമായ ഘട്ടത്തിൽ പോലും കൃത്യമായ ചികിത്സ നൽകാനോ, രോഗികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറാനോ അധികൃതർ തയ്യാറായില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇത്രയധികം ജീവനുകൾ ഒരേസമയം നഷ്ടപ്പെടാൻ കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
എന്നാൽ, ചികിത്സയിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മരിച്ചവരെല്ലാം അതീവ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററിലും ഐസിയുവിലും ചികിത്സയിലായിരുന്നവരാണെന്നും സ്വാഭാവികമായ മരണങ്ങളാണ് ഉണ്ടായതെന്നും മാനേജ്മെന്റ് അവകാശപ്പെടുന്നു. ആശുപത്രി അധികൃതരുടെ വിശദീകരണം തള്ളിയ ബന്ധുക്കളും നാട്ടുകാരും മെഡിക്കൽ സ്റ്റാഫിനും മാനേജ്മെന്റിനുമെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വികസന അവകാശവാദങ്ങൾക്കിടയിലും സാധാരണക്കാർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കർണാടകയിലെ ആരോഗ്യ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്ന വിമർശനവും ഇതോടെ വ്യാപകമായി ഉയരുന്നുണ്ട്.