തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും, ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട സ്ഥാപനങ്ങളുടെ തലപ്പത്ത് ഗുരുതരമായ കേസുകൾ നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ഉടമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. അർജന്റീന ഫുട്ബോൾ ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികവും നടപടിക്രമപരവുമായ വിഷയങ്ങളിൽ കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുകയാണ്. കേസിൽ പ്രതിയാണെന്നത് മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ലെങ്കിലും, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവർ മാധ്യമ സ്ഥാപനത്തിന്റെ ഉടമയായും നിയന്ത്രകനായും തുടരുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. മാധ്യമ സ്വാതന്ത്ര്യം നിയമത്തിന് മുകളിലുള്ള പരിരക്ഷയല്ലെന്നും, മാധ്യമ സ്ഥാപനങ്ങൾക്കും ഉടമകൾക്കും സുതാര്യതയും ഉത്തരവാദിത്വവും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങളുടെ മറവിൽ ആരെയും നിയമത്തിന് മുകളിൽ നിർത്താൻ പാടില്ലെന്നും, ആരോപണങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾ അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കേരളത്തിലെ മാധ്യമരംഗം രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും താൽപ്പര്യങ്ങൾക്കുള്ള ഉപകരണമാകരുത്. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.