തിരുവനന്തപുരം: കണ്ണൂരിലെ മാടായിപ്പാറ പീഠഭൂമി പ്രദേശത്തെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2026 ജൂൺ 25-ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. മാടായിക്കാവ്, മാടായികോട്ടയുടെ അവശിഷ്ടങ്ങൾ, ജൂതക്കുളം എന്നിവ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ജൈവവൈവിധ്യ-ചരിത്ര-സാംസ്കാരിക സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയാണ് പ്രമേയത്തിൽ ഊന്നിപ്പറയുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ മാടായി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ, ലാറ്ററൈറ്റ് പീഠഭൂമിയായും സമ്പന്നമായ ജൈവവൈവിധ്യ കേന്ദ്രമായും ശ്രദ്ധേയമാണ്. തുടർച്ചയായ കൈയേറ്റങ്ങൾ മൂലം ഏകദേശം 600 ഹെക്ടറിൽ നിന്ന് 300 ഏക്കറിന് താഴെയായി പ്രദേശത്തിന്റെ വിസ്തീർണ്ണം ചുരുങ്ങിയെന്ന് ഭാരതീയ വിചാര കേന്ദ്രം ആരോപിച്ചു. 512-ലധികം സസ്യജാതികളും 150-ഓളം ചിത്രശലഭ ഇനങ്ങളും ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിത്. ചരിത്രപരമായി ചേര രാജവംശത്തിന്റെ ഭരണ-സൈനിക കേന്ദ്രമായിരുന്ന മാടായി കോട്ട, പുരാതന ജൂതവാസത്തിന്റെ തെളിവായ ജൂതക്കുളം, കോലത്തിരി രാജവംശത്തിന്റെയും ചിറക്കൽ കോവിലകത്തിന്റെയും സാംസ്കാരിക പൈതൃകം എന്നിവ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവർകാട് ഭഗവതിക്കാവ് (മാടായിക്കാവ്) ഈ പ്രദേശത്തിന്റെ ആത്മീയ കേന്ദ്രം കൂടിയാണ്.
മാടായിപ്പാറയെ ജൈവവൈവിധ്യ-ചരിത്ര പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്നും, അനധികൃത കൈയേറ്റങ്ങളും അമിത വാഹനഗതാഗതവും മാലിന്യ നിക്ഷേപവും കർശനമായി നിയന്ത്രിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 1958-ലെ പുരാവസ്തു സ്മാരകങ്ങൾക്കും അവശിഷ്ടങ്ങൾക്കുമുള്ള നിയമപ്രകാരം (Ancient Monuments and Archaeological Sites and Remains Act), മാടായിപ്പാറയെ ദേശീയ പൈതൃക സ്മാരകമായി അംഗീകരിക്കണമെന്ന ആവശ്യം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും മുന്നിൽ സമർപ്പിച്ചു. സി.വി. ജയമണി അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. സഞ്ജയൻ, എൻ. സന്തോഷ് കുമാർ, കെ.സി. സുധീർ ബാബു, സി.എ. ഗീത, കെ.എൻ. മധുസൂദനൻ പിള്ള, ശ്രീധരൻ പുതുമന, ടി. കെ. രാമനാഥൻ, സി.എൻ. പരമേശ്വരൻ, ജെ. മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.