രാജ്യം: മെയിൽ മാസത്തിൽ തകർപ്പൻ വിൽപ്പനയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനിയുടെ മൊത്തം വാഹന വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ വിൽപ്പന 99,636 യൂണിറ്റുകളായി ഉയർന്നു. വിപണിയിലെ വിവിധ പ്രതിസന്ധികൾക്കിടയിലും കമ്പനിയുടെ വാഹനങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ മികച്ച ഡിമാൻഡ് തുടരുന്നുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കുന്നു.
കമ്പനിയുടെ യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ 11 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് 58,021 യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചു. കയറ്റുമതി ഉൾപ്പെടെയുള്ള മൊത്തം യൂട്ടിലിറ്റി വാഹന (യുവി) വിൽപ്പന 59,573 യൂണിറ്റാണ്. എസ്യുവി വിഭാഗത്തിലും മികച്ച വളർച്ച പ്രകടമാണ്. കൂടാതെ, വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പനയിൽ 19 ശതമാനം വർധന രേഖപ്പെടുത്തി, 24,079 യൂണിറ്റുകൾ വിറ്റഴിക്കാനും കമ്പനിക്ക് കഴിഞ്ഞു.
വിതരണ ശൃംഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും മഹീന്ദ്രയുടെ വാഹന പോർട്ട്ഫോളിയോയിലുടനീളം ഡിമാൻഡ് സ്ഥിരമാണെന്ന് എം ആൻഡ് എം ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ മേധാവി നളിനികാന്ത് അറിയിച്ചു. ആഭ്യന്തര വിപണിയിലെ ഈ മുന്നേറ്റം വരും മാസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.