മംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദനം. സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികളെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന് ഇരയായവരും പ്രതികളും മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദനമേറ്റത്. കോളേജിന് സമീപത്തെ ചായക്കടയിൽ വെച്ചാണ് സംഭവം നടന്നത്. കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ തങ്ങളെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി. മർദനത്തിനിടെ ആദർശിന്റെ തല ബലമായി പിടിച്ച് തിരിക്കുകയും ചെയ്തു. ഭയന്നുപോയ ജസിൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ നിലവിൽ കോളർ ധരിപ്പിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളായ ആറു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു.