ബെംഗളൂരു: ഡേ കെയർ സെന്ററിൽ കുരുന്നുകൾക്ക് നേരെയുണ്ടായ ക്രൂരപീഡനവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയ സുജാതയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത് സുജാതയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള വിരോധമാണ് ദൃശ്യങ്ങൾ പുറത്തുവിടാൻ കാരണമായതെന്നും, പുറത്തുവന്ന ദൃശ്യങ്ങളിൽ സുജാതയും കുട്ടികളെ പീഡിപ്പിക്കുന്നതായി വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി.
രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളോട് അതിക്രൂരമായാണ് ജീവനക്കാർ പെരുമാറിയിരുന്നതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. കരച്ചിൽ നിർത്താൻ കുട്ടികളെ വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, യൂറോപ്യൻ ക്ലോസറ്റിൽ ഇരുത്തിയ ശേഷം ഹാൻഡ് ഷവർ ഉപയോഗിച്ച് വായിലേക്ക് വെള്ളം സ്പ്രേ ചെയ്യുക, ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട് ഭയപ്പെടുത്തുക തുടങ്ങിയ ക്രൂരതകളാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡേ കെയർ സെന്ററിലെ അഞ്ച് ആയമാരെയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരെയും ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ ആളുകളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവിലെ ഒരു പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരുടെ മക്കളെയാണ് ഈ ഡേ കെയർ സെന്ററിൽ സംരക്ഷിച്ചിരുന്നത്. സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണം ശക്തമാണ്. വിഷയത്തിൽ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.