ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജി മത്സരത്തിനായി ബെൽജിയത്തിനെതിരെ കളിക്കാനായി ലോസ് ആഞ്ചലസിലേക്ക് രണ്ട് ദിവസം മുൻപ് യാത്ര ചെയ്യാനുള്ള അനുമതി അമേരിക്കൻ അധികൃതർ നിഷേധിച്ചെന്ന് ആരോപിച്ച് ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകാൻ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. ടീമിന്റെ മുൻകൂർ യാത്രാ അഭ്യർഥന അമേരിക്കൻ അധികൃതർ പരിഗണിച്ചില്ലെന്നും, വിഷയത്തിൽ ഔദ്യോഗിക മാർഗങ്ങളിലൂടെ ഫിഫയെ സമീപിക്കുമെന്നും ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ മെക്സിക്കോയിലെ ടിജുവാനയിലാണ് ഇറാൻ ടീം ക്യാമ്പ് ചെയ്യുന്നത്. ഇവിടെ നിന്നാണ് ലോസ് ആഞ്ചലസിലെയും സിയാറ്റിലിലെയും ഗ്രൂപ്പ് മത്സരങ്ങൾക്കായി ടീം യാത്ര നിശ്ചയിച്ചിരുന്നത്. നേരത്തെ, അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിസയും യാത്രാനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇറാൻ ടീം തങ്ങളുടെ ആസ്ഥാന ക്യാമ്പ് അരിസോണയിൽ നിന്ന് ടിജുവാനയിലേക്ക് മാറ്റിയിരുന്നു. നിലവിലെ യാത്രാ അനുമതി നിഷേധം ലോകകപ്പ് വേദിയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ടൂർണമെന്റിൽ ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ 2-2 സമനില നേടിയാണ് ഇറാൻ തങ്ങളുടെ പ്രകടനം ആരംഭിച്ചത്. ഈ മത്സരത്തിൽ റാമിൻ റെസായിയാനും മുഹമ്മദ് മൊഹെബ്ബിയും ഇറാന് വേണ്ടി ഗോളുകൾ നേടി. ബെൽജിയവും ഈജിപ്തും തമ്മിലുള്ള ആദ്യ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പ് ജിയിലെ നാല് ടീമുകളും നിലവിൽ ഓരോ പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.