ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് ദേശീയ നേതാക്കൾ എന്നിവർക്കെതിരെ ആക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ച അഞ്ഞൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡൽഹി പോലീസ് മരവിപ്പിച്ചു. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ പരിപാടികൾക്കിടെയാണ് ഇത്തരത്തിലുള്ള വിവാദ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്. ക്രിമിനൽ ഭീഷണി, പൊതുജന ശല്യം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്വേഷണ നടപടികളുടെ ഭാഗമായി എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഡൽഹി പോലീസ് ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടുണ്ട്. ആക്ഷേപകരവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുകയോ അവയിലേക്കുള്ള പ്രവേശനം തടയുകയോ ചെയ്യണമെന്നാണ് കർശന നിർദേശം. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ച ഉപയോക്താക്കളുടെ വിവരങ്ങൾ കൂടി ലഭ്യമാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് നിയമലംഘനം നടത്തിയവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.