തിരുവനന്തപുരം: പൊന്മുടിയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് വയസ്സുകാരി ദാരുണമായി മരിച്ചു. കല്ലറ സ്വദേശികളായ അനീഷ്, ഷാലു എന്നിവരുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. വിനോദയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
കല്ലാർ-പൊന്മുടി റോഡിൽ വെച്ച് വാഹനം നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായി വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.