തിരുവനന്തപുരം: പൊന്മുടിയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് വയസ്സുകാരി മരിച്ചു. കല്ലറ സ്വദേശികളായ അനീഷ്, ഷാലു എന്നിവരുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. വിനോദയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണമായ അപകടം സംഭവിച്ചത്.
കല്ലാർ-പൊന്മുടി റോഡിൽ വെച്ച് വാഹനം 30 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.
അപകടസമയത്ത് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് യാത്രക്കാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരികയാണ്. അപകടത്തെത്തുടർന്ന് സ്ഥലത്ത് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.