കോഴിക്കോട്: പേരാമ്പ്ര ചാനിയംകടവില്‍ റോഡിൽ കാറുകൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാഹനങ്ങളിൽ നടത്തിയ അനധികൃത മോഡിഫിക്കേഷനും, പൊതുനിരത്തിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
മുയിപ്പോത്ത്-ചാനിയംകടവ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. രണ്ട് കാറുകളിലെത്തിയ യുവാക്കൾ റോഡിന്റെ മധ്യഭാഗത്ത് മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന വിധത്തിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. കാറിന്റെ ഡോറിന് മുകളിൽ കയറി ഇരുന്നുകൊണ്ടും മറ്റും നടത്തിയ ഡ്രൈവിംഗ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെടുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുറ്റക്കാരായ യുവാക്കളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനിച്ചു. റോഡുകളിൽ മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവിംഗിനെതിരെ കർശന നടപടികൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.