പുതുക്കാട്: ദേശീയപാതയിലെ സർവീസ് റോഡിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം നടന്നത്.
ലോറിയുടെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. രാവിലെ എട്ടരയോടെ പരിസരത്തെ വ്യാപാരികളാണ് ലോറിയിൽ ഡ്രൈവറെ അനക്കമില്ലാത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.