പാലക്കാട്: പ്രശസ്തമായ പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡിന് ജനം ടിവി പാലക്കാട് ബ്യൂറോ റിപ്പോർട്ടർ അരുൺ ആലത്തൂർ അർഹനായി. മലമ്പുഴ ഡാമിൽ നിന്ന് നിയമവിരുദ്ധമായി മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട് അരുൺ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിംഗാണ് അവാർഡിനായി പരിഗണിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ജാഗ്രതയെയും ഉത്തരവാദിത്തത്തെയും കൃത്യമായി ബോധ്യപ്പെടുത്താൻ ഈ വാർത്താ പരമ്പരയ്ക്ക് സാധിച്ചുവെന്ന് ജൂറി കമ്മിറ്റി വിലയിരുത്തി. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ ഉതകുന്ന തരത്തിലുള്ള കൃത്യമായ ഇടപെടലായിരുന്നു അരുണിന്റെ റിപ്പോർട്ടിംഗെന്ന് വിലയിരുത്തലുണ്ട്.
11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ വർഷത്തെ പുരസ്കാരം. മെയ് 29-ന് ചാലപ്പുറം കേസരി ഭവനിൽ സംഘടിപ്പിക്കുന്ന പി.വി.കെ നെടുങ്ങാടി സ്മാരക അനുസ്മരണ ചടങ്ങിൽ വെച്ച് അവാർഡ് ജേതാവിന് പുരസ്കാരം സമ്മാനിക്കും.