തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ പാലക്കാട്ട് ദാരുണമായ മരണം. രാത്രിയിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തനം നിലച്ചതിനെ തുടർന്ന് കിടപ്പുരോഗിയായ എം. കൃഷ്ണൻ (71) ആണ് മരിച്ചത്. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിലാണ് സംഭവം നടന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ വൈദ്യുതി തടസപ്പെട്ടതോടെ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചു. തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കൃഷ്ണൻ മരണപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് രാത്രികാലങ്ങളിൽ 1,000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിംഗ് അനിവാര്യമാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. എന്നാൽ, മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്ന വിമർശനം ശക്തമാണ്. മഴക്കുറവും ജലവൈദ്യുത ഉൽപ്പാദനത്തിലെ ഇടിവും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, ദീർഘകാല കരാറുകളിലൂടെ മാത്രമേ സ്ഥിരപരിഹാരം സാധ്യമാകൂവെന്നും അധികൃതർ അറിയിച്ചു.