പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ മകനാണ് മരിച്ചത്. ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഈ കുഞ്ഞ്.
പാൽ കുടിച്ച ശേഷം ഉറങ്ങാൻ കിടത്തിയ കുഞ്ഞിന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തിൽ നാടാകെ വലിയ നടുക്കത്തിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പള്ളിക്കുറുപ്പ് പ്രദേശത്തെ വീടുകളിൽ അടക്കം വലിയ ദുഃഖമാണ് ഈ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്.