ന്യൂഡൽഹി: രാജ്യത്ത് അക്രമങ്ങൾ അഴിച്ചുവിടാൻ ലക്ഷ്യമിട്ട് അതിർത്തി കടക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ വിഘടനവാദ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’യിലെ സജീവ അംഗം ബിക്രംജിത് സിംഗ്, യുഎസ് പൗരനായ മൻബീർ സിംഗ് ധില്ലൺ എന്നിവരെ സുരക്ഷാസേന പിടികൂടി. നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരെ സഹായിച്ച മൂന്ന് പ്രാദേശിക സംഘങ്ങളെയും സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, സശസ്ത്ര സീമാ ബൽ (എസ്എസ്ബി) 42-ാം ബറ്റാലിയനും പ്രാദേശിക പോലീസും സംയുക്തമായി റുപൈദിഹ അതിർത്തിയിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. വിസ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൻബീർ സിംഗ് ധില്ലൺ, നിലവിലെ സാമൂഹിക സാഹചര്യങ്ങൾ മുതലെടുത്ത് രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
2023 ഫെബ്രുവരിയിൽ പഞ്ചാബിലെ അജ്നാല പോലീസ് സ്റ്റേഷനിൽ നടന്ന ആക്രമണക്കേസിലും വധശ്രമക്കേസിലും പ്രതിയായ ബിക്രംജിത് സിംഗ് ഏറെ നാളായി ഒളിവിലായിരുന്നു. കാഠ്മണ്ഡുവിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ, വ്യാജ ആധാർ കാർഡ് കൈവശപ്പെടുത്തിയാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. പ്രതികളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയെക്കുറിച്ച് സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചു.