പാനൂർ: പഴയ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നു വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂർ വയൽഭാഗത്ത് വീട് പൊളിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന ജിതീഷ് (43) ആണ് അപകടത്തിൽ മരിച്ചത്. വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇത് ഇടിഞ്ഞു വീഴുകയായിരുന്നു.
സ്ലാബ് തകർന്നു വീണതിനൊപ്പം ജിതീഷും താഴേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞയുടൻ പാനൂർ ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി ഇദ്ദേഹത്തെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പാനൂർ വൈകുണ്ഡം സ്വദേശിയാണ് മരിച്ച ജിതീഷ്.