ടെഹ്റാന്/വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഉയര്‍ത്തിക്കൊണ്ട് ഇറാനില്‍ അമേരിക്ക വീണ്ടും സൈനിക ആക്രമണം നടത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം നടന്ന ആക്രമണമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ്, സിറിക്, കൊണാരക്, ഛബഹാര്‍ എന്നീ മേഖലകളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ മെഹറും ഫാര്‍സും റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയിലാണെന്നും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും ഇറാന് അധികൃതര്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര ചരക്കുകപ്പല്‍ ഗതാഗതത്തിന് നേരെ ഇറാന് ഭീഷണി ഉയര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക സൈനിക നടപടി കടുപ്പിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിന് സമീപം 20 യുദ്ധക്കപ്പലുകള്‍ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, അമേരിക്കയുടെ വ്യോമാക്രമണത്തിന് പിന്നാലെ ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ഇറാന് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുവൈത്ത് അതിര്‍ത്തിയില്‍ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, നിലവില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനകം നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ 28 ബോട്ടുകള്‍ തകര്‍ത്തതായും, ആവശ്യമെങ്കില്‍ വൈദ്യുത നിലയങ്ങളും കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ അടക്കമുള്ളവ ലക്ഷ്യമിടുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് അമേരിക്ക പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ സമുദ്രസുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ രാജ്യങ്ങള്‍ മൈന്‍സ്വീപ്പര്‍ കപ്പലുകള്‍ വിന്യസിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ അതീവ ആശങ്കാജനകമായി തുടരുകയാണ്.